Proverbs 25

1ഇവയും ശലോമോന്റെ സദൃശവാക്യങ്ങൾ;

യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു.
2കാൎയ്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം;
കാൎയ്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.
3ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും
രാജാക്കന്മാരുടെ ഹൃദയവും അഗോചരം.
4വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ
തട്ടാന്നു ഒരു ഉരുപ്പടി കിട്ടും.
5രാജസന്നിധിയിൽനിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാൽ
അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.
6രാജസന്നിധിയിൽ വമ്പു കാണിക്കരുതു;
മഹാന്മാരുടെ സ്ഥാനത്തു നില്ക്കയും അരുതു.
7നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പിൽ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാൾ
ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലതു.
8ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു;
അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?
9നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീൎക്ക;
എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.
10കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും
നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.
11തക്കസമയത്തു പറഞ്ഞ വാക്കു
വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.
12കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകൻ
പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.
13വിശ്വസ്തനായ ദൂതൻ തന്നേ അയക്കുന്നവൎക്കു
കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ;
അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
14ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവൻ
മഴയില്ലാത്ത മേഘവും കാറ്റുംപോലെയാകുന്നു.
15ദീൎഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു;
മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.
16നിനക്കു തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു;
അധികം നിറഞ്ഞിട്ടു ഛൎദ്ദിപ്പാൻ ഇടവരരുതു.
17കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു
അവന്റെ വീട്ടിൽ കൂടക്കൂടെ ചെല്ലരുതു.
18കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ
മുട്ടികയും വാളും കൂൎത്ത അമ്പും ആകുന്നു.
19കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു
മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.
20വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവൻ
ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും
യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.
21ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക;
ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക.
22അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും;
യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.
23വടതിക്കാറ്റു മഴ കൊണ്ടുവരുന്നു;
ഏഷണിവാക്കു കോപഭാവത്തെ ജനിപ്പിക്കുന്നു;
24ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാൎക്കുന്നതിനെക്കാൾ
മേൽപുരയുടെ ഒരു കോണിൽ പാൎക്കുന്നതു നല്ലതു.
25ദാഹമുള്ളവന്നു തണ്ണീർ കിട്ടുന്നതും
ദൂരദേശത്തുനിന്നു നല്ല വൎത്തമാനം വരുന്നതും ഒരുപോലെ.
26ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ
കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം.
27തേൻ ഏറെ കുടിക്കുന്നതു നന്നല്ല;
പ്രയാസമുള്ളതു ആരായുന്നതോ മഹത്വം.
28ആത്മസംയമം ഇല്ലാത്ത പുരുഷൻ
മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.
Copyright information for Mal1910